Wednesday, March 19, 2008

ഹെവിഡ്യൂട്ടി!

പി.ഡബ്ല്യൂ.ഡി. ജോലിക്കാരുടെ പോലെ ഒരു കൊത്ത് രണ്ട് കള, ദെന്‍ ചായ ബ്രേയ്ക്ക്. ഒരു കൊത്ത് രണ്ട് കള, ദെന്‍ ബീഡി ബ്രേയ്ക്ക്. എഗൈന്‍ ഒരു കൊത്ത് രണ്ട് കള, ചോറ് ബ്രേക്ക്.. അതിനിടയില്‍ രണ്ടുമൂന്നു തവണ റ്റെന്റന്‍സി അനുസരിച്ച് റ്റോയലറ്റില്‍ പോയി, പോയ മെയിന്‍ കാര്യത്തിന് പുറമേ അരമണിക്കൂര്‍ കണ്ണാടി നോക്കി നില്‍ക്കല്‍... നാലുമണിയാവുന്നു, അഞ്ചാവുന്നു, വീട്ടീപ്പൂവാറാവുന്നു... ങും!! ആ റ്റൈമിലാണ് ബ്ലോഗിലെത്തുന്നത്. രോഗി.. വൈദന്‍.. :) എല്ലാം ഒരു കാലം!

ഇപ്പോള്‍ രാവിലെ ആറുമുതല്‍, രാത്രി എട്ട് വരെ (നേരം വെളുത്താ പാതിരയാവണവരെ എന്ന് പൊലിപ്പിച്ച് പറയാം) പണീന്ന് പറഞ്ഞാ പോരാ.. പൊരിഞ്ഞ പണിയാ. :(


Saturday, March 08, 2008

സിദ്ധാര്‍ത്ഥനും












വെള്ളിയാഴ്ച ജുമൈര ബീച്ചുവരെ പോയി പരലുപോലെയുള്ള ഒരുപിടി മദാമ്മമാരെ കണ്ടു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ യൂറോപ്പില്‍ ജനിക്കുന്നതായിരിക്കുമെന്നും പ്രഖ്യാപിച്ചു. പക്ഷെ, സത്യത്തില്‍ ബീച്ചില്‍ പോയതിന്റെ പിറകിലെ ‘പിടിച്ചുന്തി‘ അവരോ ഞങ്ങളിലെ കാഴ്ചക്കാരോ അല്ലായിരുന്നു. വെറുതെ... വര്‍ത്താനം പറഞ്ഞിരിക്കാനൊരു സ്ഥലം.

ജുമൈരയിലെ റോഡുകളും വീടുകളും ബീച്ചും ഭംഗിയുള്ളതാണ്. അടുത്ത ജന്മത്തില്‍ ബീച്ചിനോട് ചേര്‍ന്നുള്ള വീട്ടില്‍ ജീവിക്കുന്നതായിരിക്കും എന്നും പ്രഖ്യാപിച്ചു.

പ്രഖ്യാപനങ്ങള്‍ കേട്ട് സിദ്ധാര്‍ത്ഥനെനിക്ക് നാറാണത്തു ഭ്രാന്തന്റെ ഒരു കാലിലെ മന്ത് അപ്രത്തെലാക്കി തന്നേക്കാന്‍ പറഞ്ഞ കഥയുടെ ഫിലോസഫിയെക്കുറിച്ച് പറഞ്ഞു.

‘ഫിലോസഫിയുമായി ബന്ധപ്പെട്ട് ഇനിയൊരക്ഷരം നീ മിണ്ടിയാല്‍ പല്ല് ഞാന്‍ അടിച്ചു താഴെയിടും‘ എന്ന് പറയാനാഞ്ഞ എന്നെ തടഞ്ഞുകൊണ്ട് സബ്ജക്റ്റ് ആയകാലത്ത് കോവളത്ത് കണ്ട മദാമ്മക്കാഴ്ചകഥകളിലെ ആന്റി ക്ലൈമാക്സുകളിലേക്ക് മാറ്റി സ്ഥാപിച്ചു.

വെള്ളം കുടിക്കാന്‍,‍ ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്. കോഫി കുടിക്കാന്‍ മെര്‍ക്കാട്ടോ. കലക്കന്‍ കിണ്ണന്‍ കാച്ചി കോഫി. 'ഇവിടെയിരുന്ന് വലിച്ചാല്‍ സെക്യൂരിറ്റി പിടിച്ചോണ്ടു പോകും' എന്ന കാപ്പിക്കടക്കാരന്റെ ഉപദേശം തലയില്‍ വച്ച് , ‘ദിപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് , ഒരുവലി നിനക്ക്.. ഒന്നെനിക്ക് എന്ന കണക്കില്‍ ആ സിഗരറ്റ് മുച്ചാലും വലിച്ച് തീര്‍ത്തു ചാരമാക്കി.

ഫോട്ടോകളെടുത്തു. സ്നിക്കേഴ്സും ബിസ്കറ്റും വാങ്ങി.സ്നിക്കേഴ്സ് ഞങ്ങള്‍ പപ്പാതി കഴിച്ചു, ബിസ്കറ്റ് ഓരോന്ന് വച്ച് വാങ്ങിയിരുന്നു!